കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് വില്ലേജില്‍ മണക്കടവ് ദേശത്ത് ചാലിയാറിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന 1300റോളം വര്‍ഷം പഴക്കമുള്ള അതിപുരാതന ക്ഷേത്രമാണ് ശ്രീ ചോനാംകുന്ന് മഹാ ശിവക്ഷേത്രം.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തപോനിരതരായ ഋഷിപുംഗവന്‍മാരുടെ ആവാസകേന്ദ്രമായ വനപ്രദേശമായിരുന്നു ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു.
ഗിരിഗഹ്വരങ്ങളില്‍ അധിവസിച്ച് തപോനുഷ്ഠാനങ്ങള്‍ ചെയ്ത് ശൈവാരാധനാദികള്‍ നടത്തപ്പെട്ട അവര്‍ക്ക് സ്വയം ഭൂത്വേന ശൈവസാന്നിധ്യം പ്രത്യക്ഷമാവുകയും പ്രകൃതി പഞ്ചോപചാരങ്ങള്‍ കൊണ്ട് പൂജ ചെയ്യുകയും നാഗങ്ങള്‍ അതിനെ സംരക്ഷിച്ചുവരികയും ചെയ്തു. ക്രമേണ ബ്രാഹ്മണാധിവാസകേന്ദ്രമായ ഈ സ്ഥലത്ത് സര്‍പ്പദര്‍ശനത്തിലൂടെ, സ്വയം ഭൂശക്തി വിശേഷം മനസ്സിലാക്കിയ ബ്രാഹ്മണര്‍ ഇവിടെ വിധിപ്രകാരം ക്ഷേത്രനിര്‍മ്മാണം നടത്തി പ്രധാനദേവനായി ത്വരിതാ-പാര്‍വ്വതീ സഹിതനായ കിരാതശിവനേയും, ഉപദേവന്‍മാരായി ഗണപതി, അയ്യപ്പന്‍ എന്നിവരേയും പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നിരുന്നു. പരിസരബന്ധത്വേന മൂന്ന് ബ്രാഹ്മണരുടെ ഊരാളബന്ധത്തില്‍ ക്ഷേത്രത്തില്‍ വാരം, വേദഘോഷം, വിശേഷാല്‍ ശിവരാത്രി എന്നിവ നടത്തി ക്ഷേത്രചൈതന്യം പരിപുഷ്ടമാക്കി.
ആരാധനാവൈപരീത്യത്താലും, കുടുംബദുരിതത്താലും മറ്റും ക്ഷേത്ര ഉടമസ്ഥകുടുംബക്കാര്‍ക്ക് നാശം സംഭവിച്ചു. പ്രായേണ അവരില്‍ നിന്നും രാജകുടുംബാധികാരത്തിലേക്കും പിന്നീട് ചോലക്കന്‍ കുടുംബാധീനതയിലേക്കും ഉടമസ്ഥാവകാശം ലഭിക്കാനിടവന്നു.
വര്‍ഷങ്ങളോളം വിസ്മൃതിയിലാണ്ട് പൂജാദികര്‍മ്മങ്ങള്‍ മുടങ്ങിക്കിടന്നിരുന്ന ക്ഷേത്രത്തില്‍ ശ്രീമാന്‍ കണ്ടക്കുട്ടി സ്വാമികളുടെയും പരിസരവാസികളുടെയും സഹായത്താല്‍ പുനരുദ്ധാരണകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ അവസരത്തില്‍ മുംബൈയിലെ 'കപ്പോളി' ആശ്രമത്തിലെ നിത്യാനന്ദസ്വാമികള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുകയും അദ്ദേഹത്തിന്‍റെ ശ്രമഫലമായി പൂജാദികര്‍മ്മങ്ങള്‍ തുടരുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരികെ പോയതിനാല്‍ പ്രദേശവാസികളുടെ പ്രവര്‍ത്തനത്താല്‍ പൂജാകര്‍മ്മങ്ങള്‍ തുടര്‍ന്നുവെങ്കിലും പല കാരണങ്ങളാല്‍ അതിന് ഭംഗം നേരിട്ടു. അതിനുശേഷം വര്‍ഷങ്ങളോളം ജീര്‍ണ്ണാവസ്ഥയില്‍ കിടന്നിരുന്ന ക്ഷേത്രത്തിന്‍റെ സന്നിധാനത്തില്‍ ശ്രീമാന്‍ വിശ്വനാഥസ്വാമികള്‍ എത്തിച്ചേരുകയും അദ്ദേഹത്തിന്‍റെയും പരിസരവാസികളുടെയും ശ്രമഫലമായി ക്ഷേത്രശ്രീകോവില്‍, മണിക്കിണര്‍, മുഖമണ്ഡപം, ചുറ്റമ്പലം, ഗണപതിക്ഷേത്രം, അയ്യപ്പക്ഷേത്രം, നടപ്പന്തല്‍, ക്ഷേത്രക്കുളം, തിരുമുറ്റം കരിങ്കല്‍ പതിക്കല്‍, ശാന്തിമഠം, നാഗസ്ഥാനം എന്നിവ പൂര്‍ത്തീകരിച്ച് നവീകരണകലശം നടത്തുകയും ചെയ്തു. ഈ ഭഗവത് സന്നിധാനത്തെ ഉന്നതിയിലെത്തിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ശ്ലാഖനീയവും നിസ്തുലവും, സര്‍വ്വോപരി വിലമതിക്കാനാവാത്തതുമാണ്.
ഇന്ന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ അവരുടെ അഭീഷ്ഠസിദ്ധിക്കായി ദിവസവും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍ ചെയ്തുവരുന്നു. പ്രാര്‍ത്ഥനാനിരതരായി ഈ ഭഗവത് സന്നിധാനത്തിലെത്തുന്ന കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് സത് സന്താനലബ്ധിയും, വിവാഹപ്രായമായ യുവതീയുവാക്കള്‍ക്ക് വ്രതശുദ്ധിയോടെ നടത്തുന്ന വിശേഷാല്‍ ഉമാമഹേശ്വരപൂജയിലൂടെ മംഗല്യസൗഭാഗ്യത്തിനും ഏറെ ശ്രേഷ്ഠമാണ് ഈ സന്നിധാനം. കൂടാതെ ശനിദോഷനിവാരണത്തിന് ശാസ്താവിന് നീരാഞ്ജനം വഴിപാട് നടത്തുന്നത് ഏറെ ശ്രേയസ്കരമാണ്.